റോസാപ്പൂ : 2018-ലെ ആദ്യത്തെ കൾട്ട് (കട്ട സ്പോയിലർ അലർട്ട്)

റോസാപ്പൂ  : 2018-ലെ ആദ്യത്തെ കൾട്ട് (കട്ട സ്പോയിലർ അലർട്ട്)
സംവിധാനം : വിനു ജോസഫ് 
തിരക്കഥ സംഭാഷണം : വിനു ജോസഫ് & സന്തോഷ് ഏച്ചിക്കാനം 
ഡി.ഓ.പി. : ജിബിൻ ജേക്കബ് 
എഡിറ്റിങ് : വിവേക് ഹർഷൻ
നിർമ്മാണം : ഷിബു തമീൻസ്  
ഇവരൊക്കെ ദുരന്തം ആകുന്നത് മനസ്സിലാക്കാം, പക്ഷെ...ബിജുമേനോൻ, അലൻസിയർ, വിജയരാഘവൻ, നീരജ് മാധവ്, ദിനേശ് നായർ, സുധീർ കരമന, സംവിധായകർ കൂടിയായ സലിം കുമാർ, ദിലീഷ് പോത്തൻ, സൗബിൻ, ബേസിൽ ജോസഫ്. ഇതൊന്നും പോരാഞ്ഞിട്ട് തമിഴിൽ നിന്നും അഞ്ജലി. ഇത്രേം ആളുകൾക്ക് ഇങ്ങനൊരു മഹാദുരന്തം എങ്ങനെ സംഭവിച്ചു എന്ന് മാത്രം മനസ്സിലായില്ല. ഹോ! (സിനിമ ഇനിയും കാണാത്തവർ താഴോട്ട് വായിക്കാതിരിക്കുന്നതാണ് നല്ലത്)

റോസാപ്പൂ - കൾടോം കാ കൾട്ട് 

ഏതോ അന്തകാലം. ആ കാലത്താണ് സിനിമ നടക്കുന്നത്. പടിഞ്ഞാറോട്ടുപോയാൽ പിന്നെ കടൽ മാത്രം ബാക്കിയുള്ള മട്ടാഞ്ചേരി എന്ന കൊച്ചുഗ്രാമം. ആ ഗ്രാമത്തിൽ ചെയ്ത സകല ബിസിനസ്സും പൊട്ടിപാളീസായി നിൽക്കുന്ന അല്ലെങ്കിൽ പൊട്ടാൻ വേണ്ടി മാത്രം ബിസിനസ് നടത്തുന്ന ഷാനു എന്ന ഷാജഹാൻ (ബിജുമേനോൻ), കൂട്ടുകാരനും സിനിമാ സംവിധായകൻ ആകാൻ മോഹിച്ച് നടക്കുന്നവനുമായ ആംബ്രോസ് (നീരജ്), എം.ബി.എ.ക്കാരൻ ഭാനു (ബേസിൽ) ഒരുപണിയുമില്ലാത്ത വർക്കി (ദിനേശ് നായർ) എന്നവരിലൂടെ സിനിമ തുടങ്ങുകയാണ് കൂട്ടരേ തുടങ്ങുകയാണ്. ആംബ്രോസിന് ഒരു പ്രത്യേകതയുണ്ട്. ഏതൊരു പെങ്കൊച്ചിന്റെ അടുത്ത് കൊണ്ടുനിർത്തിയാലും ആ കൊച്ച് ഫ്‌ളാറ്റ്. അമ്മാതിരി മിറർ ക്റാക്കിംഗ് മെറ്റീരിയൽ ആണ് പുള്ളി. അങ്ങനെ ഫ്‌ളാറ്റാവാൻ വേണ്ടി അങ്ങ് ദുഫായിൽ നിന്നും കുറ്റീം പറിച്ച് കുട്ടിനിക്കറുമിട്ട് ആങ്കറുകളിക്കാൻ എത്തുകയാണ് നമ്മുടെ നായിഗ സാന്ദ്ര. (എങ്ങനുണ്ട്? വെറൈറ്റി അല്ലെ). 


അവസാനം നടത്തിയ മൊട്ട ബിസിനസ്സും പൊട്ടുന്നതോടെ ഷാനു പുതിയൊരു ബിസിനസ് തുടങ്ങുന്നു. അതെ, സിനിമാ നിർമ്മാണം. വെറും സിനിമയല്ല. നല്ല ഒന്നാന്തരം തുണ്ടുപടം. തുണ്ടുപടം പിടിക്കാനായി അവർ അങ്ങനെ ചെന്നൈയിലേക്ക് ഒരു പോക്കാണ്. അവിടെ വച്ച് തുണ്ടു പടത്തിലെ നായികയായി രശ്മിയെ (അഞ്ജലി) കണ്ടുമുട്ടുന്നു. ആദ്യ നോട്ടത്തിൽ തന്നെ നേരത്തെ പറഞ്ഞ മിറർ ക്റാക്കിംഗ് മെറ്റീരിയൽ ആംബ്രോസിൽ രണ്ടാമത്തെ നായിഗയും വീഴുന്നു. തുടർന്ന് നായികയുടെ അട്ടഹാസം കളിചിരി സെന്റി... ഹോ!  പിന്നെ സ്‌ക്രീനിൽ നടക്കുന്നതും സംവിധായകൻ ഉദ്ദേശിക്കുന്നതും ഒന്നും വാക്കുകളിൽ ഒതുങ്ങുന്നതല്ല. ഒരു വിങ്ങലോടെ അല്ലാതെ ബാക്കി കാണാൻ കഴിയില്ല. കണ്ടു തന്നെ അനുഭവിക്കണം. എന്തൊക്കെയായാലും ഇങ്ങനെയുള്ള സെറ്റപ്പിൽ പിടിക്കുന്ന പടം ബമ്പർ ഹിറ്റാകുന്നതോടെ പടം അവസാനിക്കുന്നു. 

Comments