തുരന്തോയിലെ ദുരിത യാത്ര !!!





ഒടുവില്‍ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു. തുരന്തോയിലെ യാത്ര ദുരന്തമാണെന്ന്. ഇത്രയും കുറച്ചു നാളുകള്‍ കൊണ്ട് ഇത്രയും കുപ്രസിദ്ധി നേടാന്‍ ആ ട്രെയിന് സാധിച്ചു എന്നത് നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. (ഒരുമാതിരി, ഉരുളി കമഴ്ത്തി ഉണ്ടായ മോന്‍ പത്താം വയസ്സില്‍ സ്വന്തം തന്തയെ തൊഴിച്ചു കൊന്നു എന്നൊക്കെ കേള്‍ക്കുന്ന പോലെ ഒരു ഉള്‍പുളകം). ഇതൊക്കെ പറയുന്ന കേട്ടാല്‍ തോന്നും ഇത് ആദ്യമായി ഉണ്ടായ ഒരു സംഗതി ആണെന്ന്. കാലാ കാലങ്ങളായി വടക്കേ ഇന്ത്യയില്‍ ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ മലയാളികള്‍ അനുഭവിക്കുന്ന ഒരു മഹാവിപത്താണിത്.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ആശ്രയിക്കുന്ന കേരളാ, മംഗളാ, സമ്പര്‍ക് ക്രാന്തി (പേരില്‍ തന്നെയുണ്ട് ഒരു കല്ലുകടി) എക്സ്പ്രസ്സുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വടക്കേ പരുമല, തെക്കെ പരുമല, ഉത്തര ഗുരുവായൂരപ്പന്‍, ദക്ഷിണ ഗുരുവായൂരപ്പന്‍ തുടങ്ങി ആയിരം പള്ളികളിലും അമ്പലങ്ങളിലും നേര്‍ച്ചകള്‍ നേര്‍ന്നു ഒരു ടിക്കറ്റ് സംഗടിപ്പിക്കുന്നത് മുതല്‍ തുടങ്ങും ദുരിതങ്ങള്‍. പിന്നെ ലഗേജുമായി ന്യൂ ഡല്‍ഹി അല്ലെങ്കില്‍ നിസ്സാമുദ്ദിന്‍ സ്റെഷനുകളില്‍ ചെല്ലുമ്പോള്‍ അവിടൊരു ചെക്കിഗ് ഉണ്ട്. (എവിടുന്നു തീവ്രവാദികളെ പോക്കിയാലും ഇവരെ കൊണ്ട് ചെക്ക് ചെയ്യിക്കണം, അത്രയ്ക്കുണ്ട് ശുഷ്കാന്തി) അതും തരണം ചെയ്തു ട്രെയിയിനിലെതിയാല്‍, ഒന്നിരിക്കണമെങ്കില്‍ ആഗ്ര അല്ലെങ്കില്‍ മധുര എത്തണം. അത്രയും സമയം സ്റ്റാഫ്‌ ലേബല്‍ ഒട്ടിച്ച കുറെ ആളുകള്‍ നമ്മുടെ സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടാവും. ടോയിലെട്ടിന്റെ അവസ്ഥ കണ്ടാല്‍ ഉള്ളുതുറന്നു കരഞ്ഞു പോകും. പിന്നെയാണ് ഭക്ഷണം, വായില്‍ വെക്കാന്‍ കൊള്ളില്ലെങ്ങിലും വിലയില്‍ നോ കോമ്പ്രമൈസ്. സര്‍വീസ് അത്യുഗ്രന്‍ "വേണോങ്കി എടുത്തു മൂ**ട്ട് പോടാ പുല്ലേ" എന്ന് പറയുന്നത് പോലെ തോന്നും. ഈ ദുരിതങ്ങള്‍ അധികം ഇല്ലാത്ത ഒരു ട്രെയിന്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ 5.50 നു നിസ്സാമുദ്ദിനില്‍ നിന്നു പുറപ്പെടുന്ന സുവര്‍ണ്ണ ജയന്തി ആണ്. അതാണെങ്കില്‍ ഇന്നോ നാളയോ ഏത് നിമിഷവും നിര്‍ത്തിയേക്കാം എന്ന അവസ്ഥയിലും.

തീര്‍ന്നില്ല, ഈ ദീര്‍ഘ ദൂര ട്രെയിയിനുകളില്‍ യാത്ര ചെയ്യുന്നത് ജീവനും സ്വത്തിനും അപകടമാണെന്ന് നമ്മള്‍ പത്ര മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ യാത്രക്കിടയില്‍ നിങ്ങള്ക്ക് വിലപ്പെട്ടതെന്തും നഷ്ട്ടപ്പെട്ടെക്കാം. രണ്ടോ മൂന്നോ കൊല്ലം കൊണ്ട് കഷ്ട്ടപ്പെട്ടും കടം മേടിച്ചും പത്തോ അമ്പതിനായിരാമോ രൂപ ഉണ്ടാക്കി പെങ്ങടെ കല്യാണം കൂടാന്‍ പോകുംപോഴാരിക്കും, തസ്കരവീരന്മാര്‍ കൂടും കുടുക്കേം വരെ അടിച്ചോണ്ട് പോകുന്നത്. ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ നില്‍ക്കുന്ന "കേരള്‍ വാല മദ്രാസി"യുടെ പരാതി ആര് കേള്‍ക്കാന്‍ ? കേരളത്തില്‍ എത്തുന്ന പല മലയാളികളും ആദ്യം പോകുന്നത് ഏതെങ്കിലും ചെരുപ്പ് കടയിലെക്കാരിക്കും. പാതി വഴിയില്‍ നഷ്ട്ടപ്പെട്ട പാദരക്ഷക്ക് പകരം ഒരു ഹവായി ചപ്പല്‍ തരപ്പെടുത്താന്‍!!! വിദേശ നാണയത്തിന്റെ കൊഴുപ്പോ പുളപ്പോ ഇല്ലാത്ത വടക്കേ ഇന്ത്യന്‍ മലയാളീ ഇത് നിന്‍റെ വിധിയാണ്.

തുരന്തോയില്‍ ഉണ്ടായ അപകടം അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണ് തുറപ്പിക്കും എന്ന് പ്രതീക്ഷിക്കാന്‍ ആവുന്നില്ല. സംഘടനകളെ ഭയകാത്ത നേതാക്കന്മാരും നട്ടെല്ലിനു വളവില്ലാത്ത ഉദ്യോഗസ്ഥരും അധികമില്ലാത്ത നമ്മുടെ നാട്ടില്‍ "ശങ്കരന്‍ എഗൈന്‍ ഓണ്‍ കോക്കനട്ട് ട്രീ" എന്ന് പറയുന്നത് പോലെ തന്നെ കാര്യങ്ങള്‍ നടക്കും. ഭക്ഷണത്തിന്റെ കാര്യത്തിലോ അതിന്‍റെ ഗുണമേന്മയുടെ കാര്യത്തിലോ തീരുമാനം ഒന്നുമുണ്ടായില്ലെങ്കിലും ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങളുടെ കാഠിന്യം കുറക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണിത്. നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കണം. അതുകൊണ്ട് യാത്രക്കാര്‍ക്കുമുണ്ട് ചില നിര്‍ദ്ദേശങ്ങള്‍.

ആദ്യം റെയില്‍വേക്കുള്ളത്.

1. നമ്മുടെ നാട്ടില്‍ വരുന്ന വിദേശികളെ പൂമാലയിട്ട്, കുറിതൊട്ട്, ഇളനീര് കൊടുത്ത് സ്വീകരിക്കുന്ന ഒരു പരിപാടിയുണ്ട്. അത് പോലെ കേരളത്തിലേക്ക് പോകുന്ന ട്രയിനിലെ യാത്രക്കാര്‍ക്ക് ലൂസ് മോഷന്‍, ചര്‍ദ്ദി തുടങ്ങിയവക്കുള്ള 2 പാക്കട്ട് മരുന്ന് നല്‍കുക (ടിക്കടിനൊപ്പമോ ടി ടി ആര്‍ വഴിയോ ഇത് വിതരണം ചെയ്യാവുന്നതാണ്.)

2. "ഒരു കപ്പു കാപ്പിക്ക് അരക്കപ്പ് ORS ലായിനി"
എന്ന ഒരു പദ്ധതി ആവിഷ്കരിച്ചു ട്രെയിനുകളില്‍ നടപ്പിലാക്കുക. (ഇത് വഴി ആരോഗ്യ മേഖലയെങ്കിലും രക്ഷപ്പെടട്ടെന്നു)

3. ടോയിലെട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുക. നിലവില്‍ സ്ലീപ്പര്‍ ക്ലാസ്സുകളില്‍ 72 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ബോഗിയില്‍ 4 ടോയിലെട്ടുകലാനുള്ളത്. ഇത് 8 അല്ലെങ്കില്‍ 12 എണ്ണം ആക്കുക (10 സീറ്റ് കൊറഞ്ഞാലും കൊഴപ്പമില്ല യാത്രക്കാരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം.)

4. എമര്‍ജന്‍സി എക്സിറ്റ് എന്ന് പറയുന്നത് പോലെ എമര്‍ജന്‍സി ക്ലോസെട്ടുകള്‍ സ്ഥാപിക്കുക. വലിയ സീറ്റുകള്‍ക്ക് നടുവില്‍ ഫലപ്രദമായി ഇവ സ്ഥാപിക്കാവുന്നതാണ്. (ഇത്തരത്തിലുള്ള സീറ്റുകള്‍ക്ക് 3 ടയര്‍ എ സി ടിക്കറ്റ് നിരക്കുകള്‍ വാങ്ങി ലാഭം വര്‍ദിപ്പിക്കാവുന്നതാണ്.)

5. ട്രെയിനുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. ആഹാരത്തിനു മുന്‍പ് യാത്രക്കാര്‍ക്ക് ബോധവല്‍കരണ ക്ലാസ്സുകള്‍ എടുക്കുക. (അത്രെമെങ്കിലും ചെയ്യണം.)



ഇനി യാത്രക്കാര്‍ക്കുള്ളത്.


1. ആദ്യം ചെയ്യേണ്ടത് യാത്രക്ക് മാനസികമായി തയ്യാറെടുക്കുക എന്നതാണ്. യോഗ, പ്രാണായാമം എന്നിവ പരിശീലിക്കുന്നത് നല്ലതാണ്. പ്രാര്‍ത്ഥന, ജപം, നിസ്കാരം തിടങ്ങിയവ മുടങ്ങാതിരിക്കാന്‍ ശ്രദ്ദിക്കുക.

2. വഴിയില്‍ ആവശ്യമായ മരുന്നുകള്‍ കരുതുക. എന്തെങ്കിലും പ്രശ്നം വന്നാല്‍ കാറുവിളിച്ചു വീട്ടില്‍ പോകാനുള്ള പണവും കരുതുക.

3. കഴിവതും വീട്ടില്‍ നിന്നു ഭക്ഷണം കരുതുക. അതിനു പാങ്ങില്ലാത്തവര്‍ ശൂന്യാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്ന എനര്‍ജി ടാബ്ലെട്ടുകള്‍ കരുതുക.

4. യാത്രക്ക് മുന്‍പ് നാട്ടിലുള്ള പള്ളീലച്ചന്മാര്‍, പൂജാരിമാര്‍ തുടങ്ങിയവരെ വിവരം അറിയിക്കുക. യാത്ര തീരുന്നത് വരെ ജീവനോടെ കാണുമോ എന്ന സംശയം ഉള്ളതിനാല്‍ ആണിത്. അഥവാ മരിച്ചു പോയാല്‍ തന്നെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഇവരുടെ സമയം നേരത്തെ ബുക്ക്‌ ചെയ്യാന്‍ പറ്റും.

5. "അവിടെ ബ്രേക്ക് ഫാസ്റ്റ്... ലഞ്ച്..." എന്ന് ചോദിച്ചോണ്ട് വരുന്നവരോട് "പൊന്നയിയാ കൊല്ലരുത് പ്ലീസ്" എന്ന് പറഞ്ഞു കാലു പിടിക്കുക.




എന്തായാലും ഞാന്‍ ഒന്ന് തീരുമാനിച്ചു. ഇനിയുള്ള എന്‍റെ എല്ലാ കേരളാ യാത്രകളും തുരന്തോയില്‍ ആയിരിക്കും. കാരണം വര്‍ഷത്തില്‍ രണ്ട് തവണ വയറു കഴുകുന്നത് 100 ദിവസം നോമ്പ് എടുക്കുന്നതിനു തുല്യമാണെന്ന് ആരോ പറഞ്ഞു കേട്ടു.

ജീവിതം തന്നെ ഒരു യാത്രയാണ് അത് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ആണെങ്കില്‍ പിന്നെ പറയുകേം വേണ്ട.


എല്ലാവര്ക്കും ശുഭ യാത്ര...



ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. കോള്ളാം... ഇങ്ങനാണേല്‍ ചട്ടീം കലോം കോണ്ട് പോകേണ്ടി വരും...

    ReplyDelete
  2. ടോയിലെട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുക. നിലവില്‍ സ്ലീപ്പര്‍ ക്ലാസ്സുകളില്‍ 72 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ബോഗിയില്‍ 4 ടോയിലെട്ടുകലാനുള്ളത്. ഇത് 8 അല്ലെങ്കില്‍ 12 എണ്ണം ആക്കുക (10 സീറ്റ് കൊറഞ്ഞാലും കൊഴപ്പമില്ല യാത്രക്കാരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം.)

    ദീര്‍ഘദൂര യാത്രകള്‍ അധികം ചെയ്യേണ്ടി വന്നിട്ടില്ല, എന്നാലും ആ പറഞ്ഞതിനോട് യോജിക്കുന്നു.

    ReplyDelete
  3. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രാ ദുരിതങ്ങള്‍ നല്ല പോലെ വിവരിച്ചിരിക്കുന്നു. നിസ്സാമുദ്ദിന്‍ സ്റ്റേഷനില്‍ മാത്രമല്ല ചെക്കിംഗിനു ശുഷ്കാന്തിയുള്ളത്. ഗുവാഹത്തി സ്റ്റേഷനില്‍ ഇതിലും ഭയങ്കരമാണ്‍ ലോക്കല്‍ പോലീസിന്റെ ചെക്കിംഗ്. കൈയ്യില്‍ കാശ് തടയാന്‍ പറ്റുന്ന എന്തെങ്കിലും വകുപ്പുകളുണ്ടോന്നാ അവരുടെ നോട്ടം. പലരും പറയുന്ന ഒരു കാര്യമുണ്ട് ‘ ലഗ്ഗേജില്‍ ബോംബ് കണ്ടാലും അവര്‍ കാര്യമാക്കില്ല, കാരണം ശ്രദ്ധ മുഴുവന്‍ കുപ്പിയുണ്ടോന്നാ’.

    പിന്നെ, പശ്ചിമബംഗാളിലെ മാള്‍ഡ കഴിഞ്ഞാല്‍ ഗുവാഹത്തി വരെ സ്വകാര്യ കച്ചവടക്കാരുടെ അഴിഞ്ഞാട്ടമാണ്‍. പാന്ട്രികാര്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കും.
    ട്രെയിനിലെ ടൊയ്ലറ്റിന്റെയും ശുചീകരണത്തിന്റെയും കാര്യം പറയാതിരിക്കുന്നതാണ്‍ ഭേദം.
    നാലഞ്ചുവര്‍ഷത്തിലേറെയായി സ്ലീപ്പര്‍ കോച്ചുകളില്‍ (എ.സി.യില്‍ ടിക്കറ്റ് കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍) യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. അസ്സാം, ബീഹാര്‍, ബംഗാള്‍ (ബംഗ്ലാദേശികളാണ്‍ മിക്കവരും) എന്നിവടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികള്‍ കൂട്ടം കൂട്ടമായി സ്ലീപ്പര്‍ കോച്ചുകളില്‍ നിറഞ്ഞിരിക്കും. പണ്ടൊക്കെ കേരളത്തില്‍ നിന്നും അന്യസംസ്ഥാനത്തേക്ക് തൊഴിലിനായി പൊയ്ക്കൊണ്ടിരുന്നത്, ഇപ്പോള്‍ തിരിച്ചായി. കിഴക്കന്‍/വടക്കെ ഇന്ത്യയില്‍ നിന്നും ഇത്രയും തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വര്‍ദ്ധിച്ച ഒഴുക്ക് കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ കേരളത്തിനു താങ്ങാനാവുമോ എന്ന് കണ്ടറിയണം. ഇതുമൂലം പല പ്രശ്നങ്ങളും ഇനിയും ഉണ്ടാവാന്‍ പോകുന്നേയുള്ളൂ.

    പിന്നെ, റെയില്വേക്കുള്ള ‘നിര്‍ദ്ദേശം’ കലക്കി.

    ReplyDelete
  4. കേരളത്തിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളുടെയും കഥ ഇതു തന്നെ.
    അഹമ്മദാബാദ് വഴി പോകുന്ന ഒരു ട്രെയിനിന്റെ ഏസി കോച്ചിലെ അറ്റെൻഡർമാരെ കണ്ടാൽ “ഷാപ്പുള്ള ഇടവഴിയിൽ” കൂടി സന്ധ്യക്ക് പോകുന്ന പോലെയാണു.

    ReplyDelete
  5. nallathupoly vadakeindiayile malayalilude yatradhuritham vivarichirikkunu. keep it up. itane indian railway. indian railway ee Delhi metro eelpikkanam

    ReplyDelete
  6. അടുപ്പ് കൂട്ടാനുള്ള സ്ഥലവും കൂടി വേണം :)

    ReplyDelete
  7. great piece, Kurian

    Rajmohan
    http://silsilahaisilsila.blogspot.com

    ReplyDelete
  8. അനുഭവമാണല്ലോ ഗുരു

    ReplyDelete

Post a Comment