പ്രിയമുള്ളവരേ, 


സമീപഭാവിയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാവാൻ സാധ്യതയുള്ള ഒരു ഡ്രാമാസ്കോപ്പ് നാടകത്തിന്റെ (സിനിമയുമാക്കാം) തിരക്കഥയുടെ ആദ്യപകുതിയുടെ കഥാസംഗ്രഹം നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ഇനി കഥ എങ്ങോട്ടുപോകും എന്ന കൺഫ്യു അടിച്ചു നിൽക്കുന്ന ആദ്യപകുതിക്ക് ശേഷം കഥ എങ്ങോട്ട് കൊണ്ടുപോകണമെന്ന് നിങ്ങൾക്കും നിർദേശിക്കാം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ഏതെങ്കിലും സംഭവങ്ങളുമായോ വ്യക്തികളുമായോ എന്തെങ്കിലും സാമ്യം തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രം. 

കഥ നടക്കുന്നത് നിക്കാരാഗ്വ, കേരളം തുടങ്ങിയ സ്ഥലങ്ങളിലാണ്. ആദ്യം പ്രധാന കഥാപ്രാത്രങ്ങളെ പരിചയപ്പെടാം. ബാക്കിയുള്ളവരെ കഥയിലും.


അയ്യപ്പോസ് ഡി കറുമുറെ : നിക്കാരാഗ്വൻ ഡിപ്ലോമാറ്റ്, അതിശക്തൻ.

നിസ പരമേശ് : ഡിപ്ലോമാറ്റിന്റെ കേരളത്തിലെ ജോലിക്കാരി കം സെക്രട്ടറി, വൻ സ്വാധീനം, പ്രമുഖപാർട്ടിയുടെ സ്ഥാനാർഥിയാവാൻ സാധ്യത കൽപ്പിക്കുന്ന സ്ത്രീ.

ഫിർദോസ് പാക്കർ : വില്ലനാണോ നായകനാണോ എന്ന തിരിച്ചറിയാനാവാത്ത കഥാപാത്രം. ട്വിസ്റ്റ് കൊണ്ടുവരുന്നയാൾ. 


ഇനി കഥയിലേക്ക്.

നിക്കാരാഗ്വ ഇന്റർനാഷണൽ എയർപോർട്ട്. 

മങ്ങിയ വെളിച്ചമുള്ള 2020 മാർച്ചിലെ ഏതോ ഒരു തണുപ്പുള്ള രാത്രി മൂന്നരമണി. ടേക്കോഫിന് തയ്യാറായി നിൽക്കുന്ന കാർഗോവിമാനം. ദുരൂഹത നിറഞ്ഞ മ്യൂസിക്. അടുത്ത് 250ഓളം പാക്കറ്റുകൾ എണ്ണി തിട്ടപ്പെടുത്തുന്ന അയ്യപ്പോസ് ഡി കറുമുറെ. 

നിക്കാരാഗ്വൻ പങ്കിലക്കാടുകളിലെ ഡിങ്കഗോത്രവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബാലമംഗളം ആണ് പാക്കറ്റുകളിൽ. കേരളത്തിലേക്ക് കയറ്റി അയക്കാനാണ് പാക്കറ്റുകൾ. എണ്ണം കൃത്യമാണെന്ന് ബോധ്യപ്പെട്ട അയ്യപ്പോസ് ഡി കറുമുറെ വിരൽ ഞൊടിക്കുന്നു. സ്തോഭജനകമായ മ്യൂസിക്. ആജാനബാഹുക്കളായ കുറെ അനുയായികൾ പാക്കറ്റുകൾ വിമാനത്തിലാക്കുന്നു. പറന്നുപൊങ്ങുന്ന വിമാനം. സ്തോഭജനകമായ മ്യൂസിക്. 

കട്ട്.

കേരളത്തിലെ ഒരു വിമാനത്താവളം. സ്തോഭജനകമായ മ്യൂസിക്. എയർപോർട്ടിൽ ഉലാത്തുന്ന നിസ പരമേശ്‌. ദുരൂഹത നിറഞ്ഞ മ്യൂസിക്. അങ്ങ് ദൂരെ ആകാശത്തുതെളിയുന്ന വിമാനത്തിന്റെ രണ്ട് കണ്ണുകൾ. സ്തോഭജനകമായ മ്യൂസിക്. ലാൻഡ് ചെയ്യുന്ന വിമാനം. വീണ്ടും ആജാനബാഹുക്കളായ ചെറുപ്പക്കാർ ട്രോളിയിൽ തള്ളിക്കൊണ്ടുവരുന്ന പാക്കറ്റുകൾ. ഫോക്കസിൽ തന്റെ ഐഫോണിൽ ആരെയോ ഫോൺ ചെയ്യുന്ന നിസാപരമേശിന്റെ കലിപ്പ് മുഖം. ദുരൂഹത നിറഞ്ഞ മ്യൂസിക്. ഫോണിൽ ഡയൽ ചെയ്ത നമ്പറിനൊപ്പം ഫിർദോസ് പാക്കറുടെ മുഖം തെളിയുന്നു. പാക്കറ്റിൽ വന്ന വിശുദ്ധ ബാലമംഗലത്തിന്റെ വിതരണം സാധിക്കാത്തതിനാൽ സഹായം ആവശ്യപ്പെടുന്ന നിസ. എല്ലാം താനേറ്റു എന്ന് പറയുന്ന ഫിർദോസ് പാക്കർ. സ്തോഭജനകമായ മ്യൂസിക്. നിസയുടെ ചുണ്ടിന്റെ ഇടത്തെ കോണിൽ വിരിയുന്ന നിഗൂഢമന്ദസ്മിതം. നിഗൂഢമായ മ്യൂസിക്.

കട്ട്.

അതവിടെ നിൽക്കട്ടെ. ഇനി കഥയിലെ ആദ്യ ട്വിസ്റ്റ്. 

കേരളത്തിലെ ഒരു വിമാനത്താവളം. 2020 ജൂലൈയിലെ ഏതോ ഒരു ദിവസം. ഇതേ നിക്കാരാഗ്വൻ ഡിപ്ലോമാറ്റിന്റെ പേരിൽ വന്ന ഒരു ബാഗേജിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് കസ്റ്റംസുകാർ പിടികൂടുന്നു. ദുരൂഹത നിറഞ്ഞ മ്യൂസിക്.  കുഞ്ഞൂഞ്ഞുസ്തുതികൾഡോട്ട്കോം എന്ന ഓൺലൈൻ മഞ്ഞയിലെ അവതാരകർക്ക് കൂട്ടിയിട്ട് കത്തിച്ചു പുകയെടുത്ത് സർഗാത്മകത കൂട്ടുന്നതിന് കൊണ്ടുവന്ന കഞ്ചാവാണെന്ന് ആരോപണം ഉയരുന്നു. നിസ പരമേശ്‌ അറസ്റ്റിലാവുന്നു. സ്തോഭജനകമായ മ്യൂസിക്. രാഷ്ട്രീയ കോലാഹലം. ആകെ ബളഹം. 

ഇതിനിടെ വിശുദ്ധ ബാലമംഗളത്തിന്റെ മറവിൽ കൊണ്ടുവന്നത് കഞ്ചാവാണെന്ന് ഒക്കചങ്ങായിമാരായ സുരുവും ഡെന്നിയും പരാതി നൽകുന്നു. കഥയിലെ രണ്ടാമത്തെ ട്വിസ്റ്റ്. സ്തോഭജനകമായ മ്യൂസിക്.  കഞ്ചാവുകടത്തിൽ ഫിർദോസ് പാക്കർ ആണ് വില്ലനെന്ന് ഇവർ ആരോപിക്കുന്നു. കുഞ്ഞൂഞ്ഞുസ്തുതികൾഡോട്ട്കോമിലെ ചാനൽ വിഷജീവികൾ ആരോപണം ഏറ്റെടുക്കുന്നു. ദുരൂഹത നിറഞ്ഞ മ്യൂസിക്. ഫിർദോസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേരളത്തിന്റെ അന്തരീക്ഷത്തിൽ ദുരൂഹതയുടെ അളവ് കൂടുന്നു. സ്തോഭജനകമായ മ്യൂസിക്. ചോദ്യം ചെയ്യപ്പെട്ട ഫിർദോസ് നാട്ടിൽകറങ്ങി നടക്കുന്നു. കേരളത്തിലെ കൊലയാളിപാർട്ടിയുടെയും വർഗ്ഗീയപാർട്ടിയുടെയും അണികൾ റോഡിൽ അടിവാങ്ങുന്നു. കോമഡി മ്യൂസിക്. 

കട്ട്. 


സ്‌ക്രീനിൽ തെളിയുന്ന കുഞ്ഞൂഞ്ഞുസ്തുതികൾഡോട്ട്കോമിലെ ചാനൽ വിഷജീവിയുടെ വട്ടമുഖം. ദുരൂഹത നിറഞ്ഞ മ്യൂസിക്. കഞ്ചാവ് ലഭിക്കാത്തിന്റെ ദേഷ്യം മുഖത്തു പ്രകടം. കലിപ്പ് ലുക്ക്. പുച്ഛംകൊണ്ട് കോടിയ പുഞ്ചിരി. മനസ്സിലെ കലിപ്പ്കൊണ്ട് വലിഞ്ഞുമുറുകിയ മുഖം. ഒപ്പം ഇന്റർവെൽ പഞ്ച് ഡയലോഗ്. ഇന്നത്തെ കൊണാണ്ടർ പോയിന്റ് ചർച്ചചെയ്യുന്നു "വില്ലനാര്" നിഗൂഢമായ മ്യൂസിക്.

ഇന്റർവെൽ കാർഡ്.

ഇനിയാണ് ശെരിക്കും പ്രതിസന്ധി. ഇനി കഞ്ചാവ് കേസ് മെയിനായിട്ട് പിടിക്കണോ അതോ ബാലമംഗളം മതിയോ എന്നതാണ് ഒരു കൺഫ്യൂഷൻ. കഞ്ചാവ് കേസിൽ മാധ്യമപ്രവർത്തകരും ഒരു കേന്ദ്രനും ഉൾപ്പെട്ടിട്ടുള്ളതിനാൽ അത് പൊകയാവാനാണ് സാധ്യത. പിന്നെയുള്ളത് ബാലമംഗള വിതരണമാണ്. 

അതിൽ ആരെ വില്ലനാക്കും? ബാലമംഗളം അയച്ച അയ്യപ്പോസ് ഡി കറുമുറെ? സ്വീകരിച്ച നിസ പരമേശ്‌? വിതരണത്തിന് തയ്യാറായ ഫിർദോസ് പാക്കർ? അതോ ഒരജ്ഞാത വില്ലനായി മുന്നേ പറഞ്ഞ കേന്ദ്രനോ?

വില്ലനില്ലാതെ കഥ മുന്നോട്ട് പോകില്ലെന്ന അവസ്ഥയാണ്. വില്ലനെ നിങ്ങൾക്കും നിർദ്ദേശിക്കാം. 


കുര്യൻ കേസി.
ദിൽസേ ദില്ലിസെ 


Comments