ഒരു SMS ഫസ്റ്റ് നൈറ്റ്‌...
ആദ്യം അതൊരു  Missed Call ആയിരുന്നു. പിന്നീടതൊരു Dialled  Call ആയി. താമസിയാതെ Received Calls ല്‍ എത്തി ആ നമ്പര്‍. ദിവസങ്ങള്‍ക്കകം അത് മറക്കാനാകാത്ത ഒരു "കോളാ"യി മാറി. 

അവന്റെയും അവളുടെയും ഓഫീസുകളില്‍ മൊബൈല്‍ സംഭാഷണങ്ങള്‍ക്ക് വിലക്കായിരുന്നു. അതുകൊണ്ടവര്‍ SMS കളിലൂടെ സ്നേഹം പങ്കുവെച്ചു. അവന്‍ ടിന്റുമോന്റെ നൂറു കണക്കിന് SMS കള്‍ കൊണ്ടവളെ ചിരിപ്പിച്ചു . അവള്‍ തന്റെ ഹൃദയം കൊണ്ടെഴുതിയ പ്രണയ കവിതകള്‍ കൊണ്ടവനെ പുളകിതനാക്കി. ആ പ്രണയ കാവ്യങ്ങള്‍ തന്റെ നൂറു കണക്കിന് സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്ത് അവന്‍ വീണ്ടും വീണ്ടും പുളകം കൊണ്ടു. അതുകിട്ടിയ ചിലര്‍ അവനെ ചങ്ങപ്പുഴയോടും രമണനോടും ഉപമിച്ചു. ചിലര്‍ "മാരണം" എന്ന് പറഞ്ഞു കൊണ്ടു തലയില്‍ കൈ വെച്ച് പ്രാകി. 

കാലം കടന്നു പോയി. വിധി അവള്‍ക്കെതിരായിരുന്നു. വീട്ടുകാര്‍ അവളെ അവനെക്കൊണ്ട്‌ തന്നെ കെട്ടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആദിനം വന്നു. കല്യാണ ദിവസം!!! അവന്‍ രാവിലെ മുതല്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഇന്ന് ഇതുവരെ ഒരു SMS പോലും ആര്‍ക്കും അയച്ചിട്ടില്ല. അവന്റെ കൈകള്‍ എന്തിനോ വേണ്ടി തരിച്ചു. മുഹൂര്‍ത്തം അടുത്തു. ചെറുക്കനെ കാണാനില്ല. ഇരു വീട്ടുകാരും അമ്പരന്നു. അപ്പോള്‍ അവന്‍, കിട്ടിയ തക്കം നോക്കി, ഓടിറ്റൊരിയത്തിന്റെ മൂലക്കുള്ള ബാത്ത് റൂമിന്റെ കതകില്‍ ചാരി നിന്ന്, അപ്പോള്‍ കിട്ടിയ ഒരു SMS തന്റെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന തിരക്കിലായിരുന്നു. 

കല്യാണം കഴിഞ്ഞിട്ടും അവന്റെ ടെന്‍ഷന്‍ മാറിയില്ല. കൈ ഇപ്പോഴും തരിക്കുന്നു. നാല് ചുറ്റും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍... എത്രയും പെട്ടന്ന് രാത്രിയാവാന്‍ അവന്‍ കൊതിച്ചു. തിരക്കൊഴിഞ്ഞ സമയം അവന്‍ തന്റെ മൊബൈല്‍ എടുത്തു നോക്കി. പത്തുമുപ്പത് മെസ്സജുകള്‍ ! അത് ഫോര്‍വേഡ് ചെയ്യാന്‍, എന്തിന് ഒന്ന്  തുറന്നു നോക്കാന്‍ പോലും അവനു പറ്റിയില്ല. രാത്രിയായി, സുഹൃത്തുക്കളും ബന്ധുക്കളും അവരുടെ വീടുകളിലേക്ക് പോയി. പുറത്ത് പന്തലുകാര്‍ പന്തല്‍ അഴിക്കുന്നതിന്റെയും പാത്രം കഴുകുന്നതിന്റെയും മറ്റും ചെറിയ ശബ്ദങ്ങള്‍ മാത്രം. അവന്‍ ആരും കാണാതെ മണിയറയിലേക്ക് കയറി. അപ്പോള്‍ പുറകില്‍ അവന്റെ വകേലൊരു ചെറിയമ്മയുടെ "തിടുക്കമായി അല്ലെ" എന്ന ചോദ്യം അവന്‍ കേട്ടില്ലാന്നു നടിച്ചു. 

മുല്ലപ്പൂ ചൂടി, പട്ടു സാരി ഉടുത്ത്, സര്‍വ്വാഭരണ വിഭൂഷണയായി, കൈയ്യില്‍ പാല്‍ ഗ്ലാസ്സുമായി മന്ദം മന്ദം കടന്നു വന്ന അവളെ അവന്‍ കണ്ടില്ല. അവന്‍ SMS അയക്കുന്ന, ഫോര്‍വേഡ് ചെയ്യുന്ന തിരക്കിലായിരുന്നു. അവള്‍ പതുക്കെ അവനടുത്തെത്തി, നാണത്തോടെ മുഖം തിരിച്ച്, ഇടത്ത് കൈയ്യിലെ വിരലുകള്‍ കടിച്ച്, വലതു കൈയ്യിലിരിക്കുന്ന പാല്‍ ഗ്ലാസ് അവന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു "പാല്‍"... 
"ങേ..." അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി. "നീയായിരുന്നോ ഞാന്‍ പേടിച്ചു പോയി".  അവളുടെ കൈയ്യിലിരുന്ന പാല്‍ ഗ്ലാസ് വാങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു "ഡീ ടിന്റു മോന്റെ കൊറേ കൊല വിറ്റുകള്‍ കിട്ടിയിട്ടുണ്ട്". ഇപ്പോള്‍ ഞെട്ടിയത് അവളാണ്. അവന്‍ തുടര്‍ന്നു "ഉറക്കം വരുന്നെങ്കില്‍ നീ ലൈറ്റ് അണച്ച് കിടന്നോ. ഞാന്‍ ഇതൊന്നു തീര്‍ത്തോട്ടെ". 

അവള്‍ ഉറക്കത്തിലേക്കു വഴുതി വീണപ്പോഴും, സ്വിച് ഓഫാക്കി വച്ചിരുന്ന അവളുടെ മൊബൈലിലെ ഇന്‍ ബോക്സിലേക്ക് അവന്റെ നൂറു കണക്കിന് SMSകള്‍ വന്നുകൊണ്ടിരുന്നു. ടിന്റു മോന്റെ കൊല വിറ്റുകള്‍...


ദില്‍ സെ ദില്ലി സെ 
KURIAN KC
ചിത്രത്തിന് കടപ്പാട് : http://www.touchspeak.co.uk/images/send.sms.jpg


Comments

 1. താങ്കളുടേതും ഇതുപോലായിരിക്കുമോ?

  ReplyDelete
 2. കൊല
  വിധി അവള്‍ക്കെതിരായിരുന്നു. വീട്ടുകാര്‍ അവളെ അവനെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ തീരുമാനിച്ചു...... :)

  ReplyDelete
 3. ഞങ്ങ റൂമിലുള്ള ഒരു "സംസ്" കാമുകനെ കളിയാക്കുന്നത് ഇങ്ങനെയാണ് ! #റോക്സ്
  ഇത് പോലെ ഫേസ് ബുക്ക് കാമുകന്‍ , സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ പോകും ആദ്യ രാത്രിയില്‍

  ReplyDelete

Post a Comment