കഥ തിരക്കഥ സംഭാഷണം...


എല്ലാ പുതുവര്‍ഷങ്ങളും ഒരുപിടി നല്ല ഓര്‍മ്മകള്‍ നമുക്ക് സമ്മാനിക്കും. പ്രത്യേകിച്ച് കൌമാരത്തിലെ പുതുവര്‍ഷ വര്‍ഷങ്ങള്‍. ചെങ്കുളം ദേശക്കാര്‍ എല്ലാ പുതുവര്‍ഷതെയും സ്വീകരിക്കുന്നത് ഒരു ദുരന്തം കണ്ടു കൊണ്ടാണ്,  കട്ടച്ചാല്‍ പള്ളിയില്‍ ഞങ്ങള്‍ ആസ്ഥാന കൂതറകള്‍ നടത്തുന്ന തട്ടിക്കൂട്ട് നാടകം !!! എല്ലാ വര്‍ഷവും നാടകത്തിന്റെ കഥ ഒന്ന് തന്നെ ആയിരിക്കും. ഡയലോഗ്സും കഥാപാത്രങ്ങളുടെ പേരും മാത്രം മാറും. നാടകത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം ജോമോന്‍. സംവിധാന്‍ അവനവന്‍ :) അക്കൊല്ലവും ഞങ്ങള്‍ നാടകം നടത്താന്‍ തീരുമാനിച്ചു. ഇത്തവണ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ജോമോന്‍ പുതിയ ഒരു നാടകം കൊണ്ടുവന്നു. നല്ല സൂപ്പര്‍ നാടകം... സൂപ്പര്‍ ക്ലൈമാക്സ്... ഇത് തകര്‍ക്കും. മഹാ ധാരാളിയും പ്രജകളെ ദ്രോഹിക്കുന്നവനുമായ ഒരു രാജാവിന്റെ കഥ. ഒടുവില്‍ ഒരു യാചകന്റെ (ദൈവം യാചകന്റെ വേഷം കെട്ടി വരുന്നതാണ്) പ്രേരണയാല്‍ മഹാ ദയാലുവും പ്രജകളുടെ കണ്ണിലുണ്ണിയും ആയി മാറുന്ന കദന കഥ...

ഇനി കഥാപാത്രങ്ങളെ തീരുമാനിക്കണം. രാജാവ് എന്ന പ്രധാന വേഷത്തിലെത്തുന്നത്, കേരളാ പോലീസിന്റെ ശരീരവും അതിനൊത്ത കുടവയറും നല്ല തലയെടുപ്പും ഉള്ള അജി. പാഡട്‌ ബ്രാ ഇല്ലാതിരുന്ന അക്കാലത്ത്, സ്വന്തം വല്യമ്മച്ചിയുടെ രൌക്കയില്‍ ചകിരിയും തുണിയും കുത്തിനിറച്ച് നെഞ്ചത്ത്‌ ഫിറ്റു ചെയ്ത് അതിന്റെ മുകളില്‍ക്കൂടി ഒരു ചുരിദാര്‍ ടോപ്പും, അപ്പുറത്തെ വീട്ടിലെ മോളിചേച്ചി കല്യാണത്തിന് വച്ചു കൊണ്ടു വന്ന ക്രൌണ്‍ തലയിലും ചൂടി രാജാവിന്റെ മുഖത്ത് നോക്കി "മാതെ ശിങ്കാരനെ"... പാടുന്ന രാജ്ഞി ആയി ടോണി. രാജാവിന്റെ പ്രധാന സഗായിയും രാജ്യകാര്യങ്ങള്‍ നോക്കി നടത്തുന്ന, ഇടയ്ക്കിടയ്ക്ക് രാജാവിനെ "ദ്രിതങ്ക പുലങ്കിതന്‍" എന്ന് വിളിക്കുന്ന  പ്രധാന മന്ത്രി ആയി ജോമോന്‍. രാജാവ് "ആരവിടെ..." എന്ന് ചോദിക്കുമ്പോള്‍ "അടിയന്‍..." എന്ന് നിലവിളിച്ചുകൊണ്ട്, തങ്ങളുടെ രണ്ടിരട്ടി നീളമുള്ള വടിയും പിടിച്ച് ഓടിവരാന്‍ കുറച്ചു പ്രിങ്ങിണികളെയും സംഘടിപ്പിച്ചു. കോമ്പ്ലാനില്‍ അടങ്ങിയിരിക്കുന്ന 23 വിറ്റാമിനുകളെ കുറിച്ച് എന്റെ അപ്പനും അമ്മയ്ക്കും വലിയ അറിവില്ലാതിരുന്നതിനാല്‍ നാടകത്തില്‍ അവസാനം പ്രത്യഷപ്പെടുന്ന യാചകന്‍ ആകാനായിരുന്നു എനിക്ക് വിധി.

എല്ലാം ഒക്കെ... ഇനിയാണ് റിഹേഴ്സല്‍. റിഹേഴ്സല്‍  നടക്കുന്നത് പള്ളിയോടു ചേര്‍ന്നുള്ള വിശ്രമ മുറിയില്‍. റിഹേഴ്സല്‍ എന്ന് വെച്ചാല്‍ ഒന്നൊന്നര റിഹേഴ്സല്‍ ആണ്. പ്രധാന കഥാപാത്രങ്ങളായ ഞങ്ങള്‍ തന്നെയാണ് എല്ലാവരെയും അഭിനയം പഠിപ്പിക്കുന്നത്!!! പാവം ഭടന്മാരുടെ വേഷം കെട്ടുന്ന പ്രിങ്ങിണി പിള്ളേര്‍ എല്ലാം സഹിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കും. ചിലവന്മാരൊക്കെ പിണങ്ങിപ്പോകും. പിന്നെ അവന്മാരെ തിരിച്ചുകൊണ്ടു വരാനാണ് പാട്. കെട്ടിപ്പിടിച്ചും, സ്നേഹിച്ചും, മുട്ടായി വാങ്ങിക്കൊടുത്തും എങ്ങനെയെങ്കിലുമൊക്കെ അവന്മാരെയും തട്ടേല്‍ കേറ്റും :)

അങ്ങനെ ആ ദിവസം വന്നെത്തി ഡിസംബര്‍ 30 !! നാടകം നാളെ രാത്രിയാണ്. ഇന്ന് അവസാനത്തെ റിഹേഴ്സലാണ്. ഇന്നത്തെ റിഹേഴ്സലിന്റെ പ്രത്യേകത ഇന്ന് ഫുള്‍ ഡ്രെസ്സില്‍ ആണ് റിഹേഴ്സല്‍ നടക്കുന്നത്. ഈ റിഹേഴ്സല്‍ കാണാന്‍ ഷിജി, ബിജി, ചിഞ്ചു, ചിന്നു, ദീപ, സ്വപ്ന തുടങ്ങിയവരുടെ സാനിധ്യമാണ് അതിലും വലിയ പ്രതേകത. അവരാണ് നാടകം കൊള്ളാമോ അതോ കൊളമാണോ എന്ന് പറയുന്നത്.  അതുകൊണ്ട് എല്ലാവന്മാരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അജിയൊക്കെ കൈയ്യീന്നൊക്കെ ഡയലോഗ്സ് ഇട്ടു തകര്‍ക്കുന്നു. ക്ലൈമാക്സിലാണ് ഞാന്‍ ചെല്ലേണ്ടത്. ഞാന്‍ എന്റെ രംഗം ഒന്ന് മനസ്സില്‍ ഓര്‍ത്തു നോക്കി. മഹാരാജാവിന്റെ മുന്നിലേക്ക്‌ വിറയിലോടെ കടന്നു ചെല്ലണം അപ്പൊ രാജാവിന്റെ ടെയലോഗ്... "ആരവിടെ... ഈ യാചകനെ പിടിച്ച് പടിക്ക് പുറത്താക്കൂ... അപ്പൊ ഒരു ഭടന്‍ വന്ന് എന്നെ പിടിക്കും. അപ്പൊ രാജാവിനോട് എന്റെ ഫസ്റ്റ് ടെയലോഗ്. "അങ്ങനെ പറയരുത് കുഞ്ഞേ..."

എല്ലാം പെര്‍ഫെക്റ്റ്‌ ആണ്. സ്വതവേ തട്ടില്‍ കയറിയാല്‍ വിറയിലുള്ള ഞാന്‍ കുറച്ചു വിറയില്‍ കൈയ്യില്‍ നിന്നു കൂടി ഇട്ട് സ്റെജിലേക്ക് കയറി. എന്നെ കണ്ടതും രോഷം കൊണ്ടു ചുവന്ന അജി രാജാവ് ചുമലിലൂടെ ഇട്ടിരിക്കുന്ന ഷാള്‍ ഇടതു കൈയ്യിലാക്കി കൈനീട്ടിപ്പിടിച്ച് വിരല്‍ ചൂണ്ടിക്കൊണ്ട് ഫസ്റ്റ് ടെയലോഗിട്ടു. "ആരവിടെ... ഈ യാചകനെ പിടിച്ച് പ**ക്ക് പുറത്താക്കൂ... പടിയില്‍ അവനു നാക്കുളുക്കി. പകരം പറഞ്ഞത് ഒരു മുട്ടന്‍ തെറി. രോഷം കൊണ്ടു ചുവന്ന രാജാവ് ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി. ഞാനാനെങ്ങില്‍ ഭടന്‍ വരുന്നത് നോക്കി നില്‍ക്കുവാണ്. അവനാണെങ്കില്‍ സ്വന്തം കുന്തത്തില്‍ കെട്ടിപ്പിടിച്ചു നിന്നു ചിരിയോടു ചിരി. സംഗതി വഷളാകും. പാടില്ല... രംഗം വഷളാവാന്‍ പാടില്ല. എന്റെ ബുദ്ധി ഉണര്‍ന്നു. ഭടനെ ഞാന്‍ തത്കാലം ഞാന്‍ മറന്നു. അധികം കൊളമാകുന്നതിനു മുന്നേ ടെയലോഗിടാം, ഞാനും ടെയലോഗിട്ടു... പക്ഷെ പ്രതീഷിച്ചത് പോലെ നടന്നില്ല "അങ്ങനെ പറയരുത് കു***..." (എന്റെം നാക്കുളുക്കി...:)




ഓഫ്‌ : ആ നാടകം തട്ടേല്‍ കേറിയില്ല. :( എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ "ഡാ ഒരു നാടകം എഴുതീറ്റൊണ്ട്..." എന്ന് പറഞ്ഞു ഞങ്ങളുടെ അടുത്ത് വന്നിരുന്ന ജോമോന്‍ അന്നത്തോടെ പരിപാടി നിര്‍ത്തി, സെമിനാരീല്‍ ചേര്‍ന്നു. അന്ന് കാണികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന അജീടെ കൂട്ടുകാരിയുടെ കല്യാണം വളരെ വേഗം തന്നെ നടന്നു. ടോണിയെ അവന്റെ വല്യമ്മച്ചി ഓടിച്ചിട്ട്‌ തല്ലി. എന്നെ അപ്പന്‍ ഓടിച്ചു കേരളാ എക്സ്പ്രസ്സില്‍ കയറ്റി.


ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. ചിരിപ്പിച്ചു ചിരിപ്പിച്ചു ..... കൊള്ളാം കുര്യ ... :D

    ReplyDelete
  2. ഡല്‍ഹിയില്‍ ഒരു നാടകം ഒക്കെ വേണ്ടേ കുര്യാ......

    ReplyDelete
  3. ഹമ്മേ ഫീകരം ഫയാനകം. ചിരിപ്പിച്ചു കളഞ്ഞല്ലോ കൂതറേ ... കിക്കിക്കി ;)

    ReplyDelete
  4. ഇതിപ്പ്ഴാഡാ കണ്ടത്.. തീറായിട്ടുണ്ട്..

    ReplyDelete

Post a Comment